2011 നവംബർ 9, ബുധനാഴ്‌ച

ഹര്‍ത്താലിനെതിരെ 


  
ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന കേരളത്തിന്റെ
ചില ഭൂതകാല സ്മരണകള്‍ 

              ***********************
മൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്പ് എം.എ. ബേബി എസ്.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റായിരുന്ന കാലം. കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജനതാ പാര്‍ട്ടി കേന്ദ്രത്തില്‍. കേന്ദ്രവിദ്യാഭ്യാസ മന്ത്രി പി.സി. ചുന്ദര്‍ (1977-79) തിരുവനന്തപുരത്തു വന്നപ്പോള്‍ എസ്.എഫ്.ഐ. പ്രക്ഷോഭവുമായി രംഗത്തിറങ്ങി. തുടര്‍ന്നു നടന്ന ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് അടുത്ത ദിവസം സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കുകയും അതു കൊല്ലത്ത് അക്രമാസക്തമായതിനെത്തുടര്‍ന്ന് ബസ് കത്തിക്കുകയും ചെയ്തു. അതേക്കുറിച്ച് ഒരു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഇപ്രകാരം:

''കൊല്ലത്ത് വിദ്യാര്‍ഥികളുടെ രോഷാഗ്‌നി ആളിപ്പടര്‍ന്നു; ട്രാന്‍സ്‌പോര്‍ട്ട് ബസ്സിനു തീ പിടിച്ചു.''
ഇതുപോലെയുള്ള എത്രയെത്ര സമരങ്ങള്‍ക്കും ബന്ദുകള്‍ക്കും അതിനെ സാധൂകരിക്കുന്ന തലക്കെട്ടുകള്‍ക്കും നാം സാക്ഷികളാണ്.2008 ആഗസ്ത് 20ന് ഇടതുപക്ഷം കേന്ദ്രനയങ്ങള്‍ക്കെതിരെ നടത്തിയ ഹര്‍ത്താല്‍മൂലം കേരളം സ്തംഭിച്ചപ്പോള്‍ ഓമനപ്പുത്രന്റെ മൃതദേഹത്തിനടുത്തെത്താന്‍ കഴിയാതെ കണ്ണീര്‍പ്പുഴ ഒഴുക്കി ഒരമ്മ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിസ്സഹായയായി ഇരുന്ന രംഗം മറന്നുകാണില്ല.

ഓരോ ഹര്‍ത്താലും എത്രയെത്ര കണ്ണീര്‍ച്ചിത്രങ്ങള്‍ കോറിയിട്ടാണു കടന്നുപോകുന്നത്. ഹര്‍ത്താലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍, അംഗവൈകല്യം ബാധിച്ചവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വിദേശത്തു പോകാനാവാതെ വന്നവര്‍, പരീക്ഷ എഴുതാനാകാതെ വന്നവര്‍.... പട്ടിക ഇനിയുമുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസ്സുകളും മറ്റു പൊതുമുതലുകളും എറിഞ്ഞുടയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍. സംസ്ഥാനം ഒരു ദിവസം നിശ്ചലമാകുമ്പോള്‍ സംഭവിക്കുന്ന ഉത്പാദന നഷ്ടങ്ങള്‍. കൈവിട്ടുപോകുന്ന നിക്ഷേപങ്ങള്‍. അതിനൊന്നും കണക്കില്ല. ഹര്‍ത്താല്‍ വന്‍വിജയമെന്നു കൊട്ടിഗ്‌ഘോഷിക്കുന്നവരുടെ കണക്കുപുസ്തകത്തില്‍ ഈ നഷ്ടക്കണക്കുകള്‍ക്ക് ഇടംകിട്ടാറില്ല.

കേരളത്തിലെ ഹര്‍ത്താലുകളെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ഒരു കണക്കുണ്ട്. കഴിഞ്ഞ നാലേകാല്‍ വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ചെറുതും വലുതുമായ 295 ഹര്‍ത്താലുകളാണു നടന്നത്. 18 എണ്ണം പ്രമുഖ രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ഹര്‍ത്താലുകളാണ്. ഇടതുപക്ഷം-എട്ട്, ബി.ജെ.പി-എട്ട്, യു.ഡി.എഫ്-രണ്ട്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാറിന്റെ ഭരണകാലത്ത് ഇടതുപക്ഷം പ്രതിപക്ഷത്തിരുന്ന് നടത്തിയത് 22 ഹര്‍ത്താലുകള്‍. ഇപ്പോള്‍ പ്രതിപക്ഷത്തുള്ള 
എല്‍ .ഡി.എഫ്. നടത്തിയതു രണ്ടു ഹര്‍ത്താലുകള്‍. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും ഇടതുപക്ഷത്തിന്റെ പ്രധാന സമരായുധം ഹര്‍ത്താല്‍ തന്നെ.

സമീപകാലത്ത് ഏറ്റവുമധികം ദേശീയ-സംസ്ഥാന ഹര്‍ത്താലുകള്‍ നടന്നത് 2008-ല്‍ ആണ്. 2006-ല്‍ നാല്, 2007-ല്‍ രണ്ട്, 2009-ല്‍ രണ്ട്, 2010-ല്‍ ഇതുവരെ രണ്ട് എന്നിങ്ങനെയാണ് മേജര്‍ ഹര്‍ത്താലുകളുടെ എണ്ണം. 2008-ല്‍ നടന്ന ഒന്‍പതു ഹര്‍ത്താലുകളില്‍ ബി.ജെ.പി-നാല്, എല്‍.ഡി.എഫ്-നാല്, യു.ഡി.എഫ്-ഒന്ന്. 2008 ജൂലായിലാണ് ഇടതുപക്ഷം യു.പി.എ. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഹര്‍ത്താലുകളുടെ പ്രളയം ഉണ്ടായത്.

കേന്ദ്രത്തിനെതിരെ ആ വര്‍ഷം സി.പി.എമ്മും ബി.ജെ.പി.യും മാറിമാറി എട്ടു ഹര്‍ത്താലുകള്‍ നടത്തി. യു.പി.എ. സര്‍ക്കാറിനെ അന്നുവരെ പുറത്തുനിന്നു പിന്തുണച്ചുകൊണ്ടിരുന്ന ഇടതുപക്ഷത്തിനു പിന്തുണ പിന്‍വലിച്ചു കഴിഞ്ഞപ്പോള്‍ മാത്രമാണ് കേന്ദ്രം മോശമാണെന്ന ബോധോദയം ഉണ്ടായത്. ഇരുകൂട്ടര്‍ക്കും ആസന്നമായ തിരഞ്ഞെടുപ്പു മാത്രമായിരുന്നു ലക്ഷ്യം.

ഇടതുപക്ഷത്തിന്റെ ദേശീയ ഹര്‍ത്താല്‍ യഥാര്‍ഥത്തില്‍ കേരളത്തെ മാത്രമേ ബാധിക്കാറുള്ളൂ. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഹര്‍ത്താലിനെ പ്രാകൃതമായ സമരമുറ എന്നാണു വിശേഷിപ്പിച്ചിട്ടുള്ളത്. ഒരു ഹര്‍ത്താലിനും കൊല്‍ക്കത്തയെ നിശ്ചലമാക്കാന്‍ സാധിക്കില്ല. അവിടെ ജീവിതം ഹൂഗ്ലി നദിപോലെ ഒഴുകിക്കൊണ്ടിരിക്കും. പിന്നെ ത്രിപുരയാണ്. ജനങ്ങളെ ബന്ദികളാക്കി അവരും സമരം ചെയ്യാറില്ല. കേരളത്തിന്റെ നെഞ്ചില്‍ ചവിട്ടിനിന്നുകൊണ്ടു മാത്രമേ സി.പി.എമ്മിനു ദേശീയതലത്തില്‍ ജനജീവിതം പാടേ സ്തംഭിപ്പിച്ചു എന്നു വിജയഭേരി മുഴക്കാന്‍ കഴിയൂ.

രാജ്യത്ത് ആദ്യമായി ബന്ദ് നിരോധിച്ച സംസ്ഥാനം കേരളമാണ്. 1997-ലാണ് ഹൈക്കോടതി നിര്‍ണായകമായ ഈ വിധി പ്രസ്താവിച്ചത്. അതു സുപ്രീംകോടതി ശരിവെക്കുകയും ചെയ്തു. 2004-ല്‍ ഹര്‍ത്താല്‍ നിരോധിക്കാന്‍ കോടതി വിസമ്മതിക്കുകയും അതിന്റെ മറവില്‍ ബന്ദിനെ ഹര്‍ത്താലാക്കി മാറ്റുകയുമാണ് എല്ലാവരും ചെയ്യുന്നത്. ജനജീവിതം സുഗമമാക്കാന്‍ കോടതി അന്ന് ഒന്‍പതിന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അവ നടപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്. പക്ഷേ, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഹര്‍ത്താലുകള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ കോടതിനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറക്കുന്നു. ഈ സാഹചര്യത്തിലാണ് ദൈവത്തിനുപോലും നമ്മുടെ നാടിനെ രക്ഷിക്കാനാവില്ലെന്നു ഹൈക്കോടതി നിരീക്ഷിച്ചത്.

കേരളം നിര്‍ണായകമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുകയാണ്. പരമ്പരാഗതമായ കാഴ്ചപ്പാടുകളും സമീപനങ്ങളും മാറേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ആസ്​പത്രിയില്‍ ജനിച്ച്, സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച്, സര്‍ക്കാര്‍ ജോലി നേടി, സര്‍ക്കാറിന്റെ പെന്‍ഷന്‍ പറ്റി കഴിയുന്ന ആ കാലംമാറി. നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം ഒരുക്കി സംരംഭകരെ സ്വീകരിച്ച് അതിലൂടെ സമ്പത്തും തൊഴിലവസരങ്ങളും ഒരുക്കുന്ന കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. അതിന് ഉതകുന്ന സമീപനങ്ങളും പരിപാടികളുമാണ് എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
നമ്മുടെ രാജ്യത്തും മറ്റു സംസ്ഥാനങ്ങളിലും ഇപ്പോള്‍ അതാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമാന്ദ്യം ലോകത്തെ പിടിച്ചുകുലുക്കിയിട്ടും ഇന്ത്യ കുലുങ്ങിയില്ല. ഐ.ടി. മേഖലപോലും വീണ്ടും ഉഷാറായി. റിക്രൂട്ട്‌മെന്റുകള്‍ പുനരാരംഭിച്ചു. എല്ലാ മേഖലകളും വീണ്ടും വളര്‍ച്ചയുടെ പാതയിലാണ്.

വിലക്കയറ്റത്തിനെതിരെയാണല്ലോ ഇത്തവണത്തെ ഹര്‍ത്താല്‍. കേരളത്തിലെ ജനങ്ങളെ പട്ടിണിയിലാക്കിയതു കേന്ദ്രമാണെന്നും ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. കേന്ദ്രം മാത്രമാണോ ഉത്തരവാദികള്‍? മുന്‍വര്‍ഷം ഉണ്ടായ രൂക്ഷമായ വരള്‍ച്ച, ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിലക്കയറ്റം ഉണ്ടായി എന്നതു വാസ്തവമാണ്. അതിനു കേന്ദ്രം അതിന്‍േറതായ രീതിയില്‍ പരിഹാരം തേടുകയും ചെയ്തു. കേന്ദ്രത്തിന്റെ ഭക്ഷ്യശേഖരത്തിലേക്ക് പശ്ചിമ ബംഗാള്‍ ഒരുമണി അരിപോലും നല്‍കിയില്ല.


കേരളത്തിലെ ജനങ്ങളെ പട്ടിണിയില്‍നിന്നു സംരക്ഷിക്കുന്നത് യഥാര്‍ഥത്തില്‍ ആരാണ്? അരിയുടെ കാര്യമെടുക്കാം. രണ്ടു രൂപയ്ക്ക് അരിയാണല്ലോ L.D.F സര്‍ക്കാറിന്റെ ഏറ്റവും വലിയ വിലക്കയറ്റ വിരുദ്ധ നടപടി. സംസ്ഥാനത്തെ ഏറ്റവും പാവപ്പെട്ടവരായ അന്ത്യോദയ അന്നയോജനക്കാര്‍ക്ക് കേന്ദ്രം മൂന്നു രൂപയ്ക്കു നല്‍കുന്ന അരിയാണ് സംസ്ഥാന സര്‍ക്കാര്‍ ഒരു രൂപ സബ്‌സിഡി നല്‍കി രണ്ടു രൂപയ്ക്കു നല്‍കിയത് 

സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന പ്രതിബദ്ധത അളക്കാന്‍ മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി മാത്രം പരിശോധിച്ചാല്‍ മതി. അതിന്റെ നടത്തിപ്പില്‍ ഏറ്റവും പിന്നിലാണു കേരളം. നൂറു ദിവസം തൊഴില്‍ നല്‍കേണ്ടതിനു പകരം 2008-09ല്‍ നല്‍കിയത് വെറും 22 ദിവസം. അടുത്ത വര്‍ഷം 31 ദിവസവും. ആയിരം കോടി വരെ ചെലവഴിക്കാമായിരുന്നിട്ടും 2008-09ല്‍ ചെലവഴിച്ചത് വെറും 277 കോടി. അടുത്ത വര്‍ഷം 450 കോടി. പദ്ധതി നടത്തിപ്പില്‍ 27-ാം സ്ഥാനത്താണു കേരളം.

സംസ്ഥാനത്ത് 22 കേന്ദ്രപദ്ധതികളാണു നടപ്പാക്കുന്നത്. കേന്ദ്രത്തില്‍നിന്ന് അന്‍പതിനായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം വന്നു. കേന്ദ്രബജറ്റില്‍ കേരളത്തിനു കൈനിറയെ തന്നു. എന്നിട്ടും എന്തിനാണ് ഹര്‍ത്താല്‍പോലുള്ള മാരകായുധമെടുത്ത്  സമൂഹത്തിനെതിരെ ചുഴറ്റുന്നത്?

                        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ